കണ്ണൂർ: ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും തമ്മിലുള്ള പോരിൽ ഡിവൈഎഫ്‍ഐയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ക്വട്ടേഷൻ മാഫിയ സംഘം യുവജന നേതാക്കൾക്ക് എതിരായി എന്തെങ്കിലും വ്യക്തിഹത്യ നടത്തുന്ന സോഷ്യൽ മീഡിയ ഇടപെടൽ നടത്തിയിട്ടുണ്ടെങ്കിൽ, യുവജന പ്രസ്ഥാനത്തിന്റെ പോക്ക് ശരിയായ പാതയിലാണെന്നാണ് അതിന് അർഥമെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. പാർട്ടി ക്വട്ടേഷൻ സംഘത്തിന് എതിരാണെന്നും മുതിർന്ന നേതാവ് പി. ജയരാജനും പാർട്ടിയുടെ ഇതേ നിലപാടു തന്നെയാണ് ഉള്ളതെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.
‘‘ക്വട്ടേഷൻ മാഫിയ സംഘങ്ങളിൽനിന്ന് ആരും നീതി പ്രതീക്ഷിക്കുന്നില്ല. കാഞ്ഞിരക്കുരുവിൽനിന്ന് ആരും മധുരം പ്രതീക്ഷിക്കില്ലല്ലോ. ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി. ആ നിലപാട് തന്നെയാണ് പി.ജയരാജനും. എന്നിട്ടും ഇവരൊക്കെ പി.ജയരാജനെ പുകഴ്ത്തുന്നുണ്ടെങ്കിൽ ഇവരുടെ മനോനിലയാണു പരിശോധിക്കേണ്ടത്. ഇവർക്ക് എന്തോ അപകടം പറ്റിയിട്ടുണ്ട്. രാഷ്ട്രീയമായി തള്ളിപ്പറഞ്ഞിട്ടും അവർ സ്വന്തം നിലയിൽ വാഴ്ത്തുകയാണ്’ – ജയരാജൻ പറഞ്ഞു. ഇതിനിടെ, ഒരു വ്യക്തിക്കു നേരെ താൻ ഉന്നയിച്ച് ആരോപണം സംഘടന ഏറ്റെടുത്ത് അവർക്കെതിരെ ആക്കിയതാണെന്ന് അർജുൻ ആയങ്കി ആരോപിച്ചു. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വ്യക്തിക്കെതിരായ ആരോപണം സംഘടന ഏറ്റെടുത്തതാണെന്ന് അർജുൻ ആയങ്കി വിശദീകരിച്ചത്. തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചതാണെന്നും അർജുൻ ആരോപിച്ചു.
‘‘ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം. ഒരു വ്യക്തിക്ക് നേരെയുള്ള ആരോപണത്തെ സംഘടന ഏറ്റെടുത്ത് അത് സംഘടനയ്ക്ക് നേരെയുള്ള ഭീഷണിയാക്കി മാറ്റുന്നത് ശരിയല്ല. മനഃപൂർവ്വം എന്നെ ഇതിലേക്ക് വലിച്ചിഴച്ചതും. ഒരാളെ ആജീവനാന്തം കുറ്റവാളിയെന്ന് പറഞ്ഞു ചാപ്പയടിക്കുന്നത്, ആക്ഷേപിക്കുന്നത് ശരിയാണോ? അയാൾക്ക് ജീവിതസാഹചര്യം മാറ്റിയെടുക്കാനുള്ള സാമൂഹിക സാധ്യതകളെ തച്ചുടച്ച് അയാളെ ആ ക്രൈമിൽ തന്നെ തളച്ചിടുന്ന പ്രവണത ശരിയാണോ?’ – അർജുൻ ആയങ്കി ചോദിച്ചു.
‘‘ഒരു കേസിൽപ്പെട്ട് ജയിലിലേക്കു പോവുന്നതിനു മുൻപേ ഈ പാർട്ടിയോ സംഘടനയോ ആയിട്ട് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞുവച്ചിട്ടു പോയ ആളാണ് ഞാൻ. അതിനുശേഷം ദാ, ഈ സമയം വരെ രാഷ്ട്രീയ പോസ്റ്റുകൾ ഇവിടെയുണ്ടായിട്ടില്ല. മൂന്നു രൂപയുടെ മെംബർഷിപ്പ് പോലുമില്ല. ഇത് അനാവശ്യ വിവാദമാണ്. ഊതിവീർപ്പിച്ചത് ചില തൽപരകക്ഷികളാണ്. ആജീവനാന്തം വേട്ടയാടാമെന്നത് ന്യായമല്ല. ആരോപണം ഉന്നയിച്ചയാൾ ഞാനല്ലെങ്കിലും ആരോപണം നേരിട്ട് ഇരവാദം പറയുന്ന, ആദർശധീരനെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് അതെല്ലാം തിരുത്തിപ്പറയാനുള്ള കാലം വരുമെന്ന് മാത്രം അടിവരയിട്ട് ആത്മവിശ്വാസത്തോടെ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിയല്ല പ്രസ്ഥാനം’ – അർജുൻ ആയങ്കി കുറിച്ചു.