ഗാന്ധിനഗർ: ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ ഗുജറാത്ത് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, താൻ കോൺഗ്രസിൽ തുടരുമെന്ന് ഉറപ്പാക്കാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ‘ഞാൻ ഇപ്പോൾ കോൺഗ്രസിലാണ്. ഞാൻ കോൺഗ്രസിൽ തന്നെ തുടരാൻ കേന്ദ്ര നേതാക്കൾ വഴി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹാർദിക് കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന വേറെയും ചിലരുണ്ട്. അവർ എന്റെ മനോവീര്യം തകർക്കാൻ ആഗ്രഹിക്കുന്നു’– ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തു.
സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങൾ എടുക്കുമ്പോൾ തന്നോട് ആലോചിക്കാറില്ലെന്നും ഹാർദിക് പട്ടേൽ നേരത്തേ ആരോപിച്ചിരുന്നു. വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസില്‍ തന്റെതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിന്നാലെ ബിജെപിയെ പ്രശംസിച്ച് സംസാരിച്ച് ഹാർദിക്, ബിജെപി രാഷ്ട്രീയമായി അടുത്തിടെ എടുത്ത തീരുമാനങ്ങൾ വച്ച്, അത്തരം നടപടികൾ സ്വീകരിക്കാനുള്ള കരുത്ത് അവർക്കുണ്ടെന്നത് നാം അംഗീകരിക്കണമെന്ന് പറഞ്ഞു.
അതേസമയം, ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളെ അദ്ദേഹം നിഷേധിച്ചു. ‘ആളുകൾ ഒരുപാട് കാര്യങ്ങൾ പറയും. ജോ ബൈഡൻ യുഎസ് തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ പ്രശംസിച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായതിനാലാണത്. എന്നാൽ ഇതിനർഥം ഞാൻ ബൈഡന്റെ പാർട്ടിയിൽ ചേരുമെന്നാണോ?’– അദ്ദേഹം ചോദിച്ചു.