തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് കട്ടിലിൽനിന്ന് വീണപ്പോൾ സഹായം കിട്ടാൻ വൈകിയെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി ഫയർഫോഴ്സ് മേധാവി ഡി.ജി.പി ബി. സന്ധ്യ. കട്ടിലിൽനിന്ന് വീണ ജോൺ പോളിനെ ആശുപത്രിയിലെത്തിക്കാൻ ഫയർഫോഴ്സിനെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തൽ.
ആരോപണത്തെക്കുറിച്ച് ഫയർഫോഴ്‌സ് അന്വേഷിച്ചു. സഹായം ആവശ്യപ്പെട്ട് ഫയർഫോഴ്സിന് കോൾ വന്നിട്ടില്ല. തൃക്കാക്കര സ്റ്റേഷനിൽ ആംബുലൻസില്ല. ഫയർഫോഴ്‌സ് ആംബുലൻസുകൾ അപകടസമയത്ത് ഉപയോഗിക്കാനുള്ളതാണെന്നും അത് ലഭ്യമാക്കുക തന്നെ ചെയ്യുമെന്നും ബി. സന്ധ്യ കൂട്ടിച്ചേർത്തു.
കട്ടിലിൽ നിന്നും താഴെ വീണ ജോൺ പോളിനെ ആശുപത്രിയിലെത്തിക്കാൻ നിരവധി ആംബുലൻസുകാരുടെയും ഫയർഫോഴ്സിന്റെയും സഹായം തേടിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തും നടനുമായ ജോളി ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നിരുന്നു. ‘ജോൺ പോൾ സാറ് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.