കല്‍പറ്റ: സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതിന്, മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസിനെതിരായ അച്ചടക്ക നടപടിയില്‍ തൃപ്തരാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. എഐസിസി തീരുമാനത്തില്‍ അസംതൃപ്തിയുണ്ടെന്നു ഞങ്ങള്‍ക്കു പറയാനാകില്ലല്ലോ. തീരുമാനം അംഗീകരിക്കുന്നു. വ്യക്തിപരമായി തൃപ്തിയുണ്ടോയെന്നതു സ്വകാര്യമായി പറയാമെന്നും അദ്ദേഹം പറഞ്ഞു.
കെ.വി.തോമസിന്റെ ഭാവി, കെ.വി.തോമസിനു തീരുമാനിക്കാം. സ്വന്തം തോണി ഏതു കരയില്‍ അടുപ്പിക്കണമെന്നതു തീരുമാനിക്കേണ്ടത് കെ.വി.തോമസാണ്. അദ്ദേഹമാണ് ആ വഞ്ചിയുടെ കപ്പിത്താന്‍. എങ്ങോട്ടു പോകണമെന്നും എങ്ങോട്ടു തുഴയണമെന്നും അദ്ദേഹത്തിനു തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ബിജെപി-സിപിഎം സഖ്യമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കുമെന്നു പ്രധാനമന്ത്രിയെ കണ്ടശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് അതിന്റെ തെളിവാണ്. ബിജെപിയുമായി ഒരിടത്തും കോണ്‍ഗ്രസ് ഒരുമിച്ചു സമരം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.