ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയിൽ പോലീസ് സ്റ്റേഷനു നേരെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) കോർപറേറ്റർ നസീർ അഹമ്മദ് ഉൾപ്പെടെ 146 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 16ന് ഓൾഡ് ഹുബ്ബള്ളി പൊലീസ് സ്റ്റേഷനു നേരെയാണ് കല്ലേറുണ്ടായത്.
കേസിൽ എ.ഐ.എം.ഐ.എം നേതാവും ഹൂബ്ബള്ളി യൂനിറ്റ് പ്രസിഡന്റുമായ ദാദാപീർ ബെറ്റ്‌ഗേരി, കോർപ്പറേറ്റർ ഇർഫാൻ നൽവത് വാദിന്റെ ഭർത്താവ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.146 പ്രതികളിൽ 145 പേരെ ഹൂബ്ബള്ളി, ധാർവാഡ്, ബെള്ളാരി, മൈസൂരു, കലബുറഗി ജയിലുകളിലായി മെയ് 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും ഒന്നാം പ്രതി വസീം പത്താൻ പോലീസ് കസ്റ്റഡിയിലാണെന്നും ധാർവാഡ് കമീഷണർ എൻ. ലാഭുറാം അറിയിച്ചു.കല്ലേറിൽ ഇൻസ്പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പോലീസ് സ്റ്റേഷനു മുമ്പിൽ ഒത്തുകൂടിയ ജനക്കൂട്ടം അക്രമാസക്തരാകുകയും സ്റ്റേഷനും പോലീസ് വാഹനങ്ങൾക്കും നേരെ കല്ലെറിയുകയുമായിരുന്നു.