തിരുവനന്തപുരം : വൻ വിവാദമായ കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. രാവിലെ പതിനൊന്ന് മുതൽ രണ്ട് മണിക്കൂറാണ് സവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെ എതിർക്കുന്നവരിൽ അവശേഷിക്കുന്നത് ആർവിജി മേനോൻ മാത്രമാണ്. അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ ബോർഡ് എഞ്ചിനീയർ സുബോധ് ജെയിൻ, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ എന്നിവരുണ്ട്. എതിർ പാനലിലുളള ആർവിജി മേനോന് കൂടുതൽ സമയം നൽകിയും കാണികളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയും സംവാദം നടത്താനാണ് നീക്കം.
ഇതിനിടെ കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വർമ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആർവിജി മേനോനും പങ്കെടുക്കും.ഒപ്പം മുഖ്യമന്ത്രിയെയും കെ റെയിൽ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട് ഇതിനിടെ കണ്ണൂരിൽ സിൽവർലൈനിന്റെ ഭാഗമായുളള അതിരടയാാള കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ ഇന്നും തുടരും. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയാകും കല്ലിടൽ. പദ്ധതിയെക്കുറിച്ച് കെ റെയിൽ സംഘടിപ്പിക്കുന്ന സംവാദം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നതിനാൽ ഒരുപക്ഷേ കല്ലിടൽ അവസാന നിമിഷം ഉപേക്ഷിച്ചേക്കാം എന്ന സൂചനയുണ്ട്. രാവിലെ എടക്കാട് പൊലീസ് സ്റ്റേഷനിൽവച്ച് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമാകും. ഇന്നലെ എടക്കാട് 25 കല്ലുകളാണ് സ്ഥാപിച്ചത്. ഇതിൽ പലതും പ്രതിഷേധക്കാർ ഇതിനകം പിഴുതുമാറ്റി. കല്ലിടൽ തടസ്സപ്പെടുത്തിയ13 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്