അഞ്ചൽ: ഉത്സവത്തിരക്കിനിടെ വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ചു കടത്തിയ പ്രതിയെ ഏരൂർ എസ്.ഐ ശരത് ലാലിന്‍റെ നേതൃത്വത്തില്ലള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അയിലറ മുഴതാങ്ങ് ജ്യോതിന നിവാസിൽ അനീഷ് (23) ആണ് അറസ്റ്റിലായത്. ഏതാനും ദിവസം മുമ്പ് നടന്ന ഏരൂർ തൃക്കോയിക്കൽ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രത്തിരക്കിനിടെയാണ്, ഏരൂർ ജംഗ്ഷനിലെ വ്യാപാരിയായ ഉദയന്‍റെ വാഹനം മോഷ്ടിക്കപ്പെട്ടത്. ജനത്തിരക്ക് കാരണം ഉദയൻ തന്‍റെ വ്യാപാര സ്ഥാപനത്തിന് സമീപം റോഡരികിലായി സ്കൂട്ടർ ഒതുക്കി വച്ചിരിക്കുകയായിരുന്നു.
വാഹനം കാണാതായെന്നുള്ള പരാതിയെത്തുടർന്ന് ഏരൂർ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ ഉദയൻ്റെ കടയുടെ അല്‍പ്പം മാറി പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറിക്ക് സമീപത്തുനിന്നും ഒരു യുവാവ് ഫോണ്‍ ചെയ്യുന്നതും പിന്നീട് അയാള്‍ സ്കൂട്ടറിനടുത്തെത്തി പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതായ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പിന്തുടർന്ന് അന്വേഷണം സംഘം നടത്തിയ തിരച്ചിലിലാണ് അനീഷിനെ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ മുഴതാങ്ങിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
മോഷണത്തിന് മുമ്പ് അനീഷ് റോഡിലൂടെ കടന്നു വന്ന ഒരു കാർ കൈകാണിച്ചു നിർത്തി അതിൽക്കയറി യാണ് ഏരൂർ ജംഗ്ഷനിലെത്തിയതെന്നും കൃത്യത്തിൽ കാറുകാരന് പങ്കില്ലെന്നും കാറിൽ ലിഫ്റ്റ് നൽകുക മാത്രമാണുണ്ടായതെന്നും പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. മോഷ്ടിക്കപ്പെട്ട വാഹനം ശാസ്താംകോട്ടയിൽ നിന്നും കണ്ടെടുത്തു.പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.