സഹർസ (ബിഹാർ) : ബാലികയെ പീഡിപ്പിച്ച പ്രതിയുടെ ബന്ധുക്കളായ 2 വനിതകൾ പൊലീസുകാരന്റെ കഴുത്തും തോളും പുറവും തിരുമ്മിക്കൊടുക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് ദർഹട്ട ഔട്ട്പോസ്റ്റിലെ ശശിഭൂഷൺ സിൻഹ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.
ഒരു സ്ത്രീ തിരുമ്മുകയും രണ്ടാമത്തെയാൾ അടുത്തിരിക്കുകയും ചെയ്യുന്ന അര മിനിറ്റ് വിഡിയോ ആണ് വൈറൽ ആയത്. പ്രതിക്കു ജാമ്യം കിട്ടാനായി സഹായം തേടി എത്തിയതായിരുന്നു സ്ത്രീകൾ. ‘പാവങ്ങളായ 2 സ്ത്രീകളെ ഞാൻ അങ്ങോട്ട് കുറച്ചു പണവുമായി അയയ്ക്കുകയാണ്. അവരെ സഹായിക്കണം. അവർക്കായി എന്റെ പോക്കറ്റിൽ നിന്നു മാത്രം 10,000 രൂപ ചെലവായിട്ടുണ്ട്’ എന്ന് അഭിഭാഷകനെന്നു കരുതുന്ന ആരോടോ പൊലീസുകാരൻ സംസാരിക്കുന്നതും വിഡിയോയിൽ കേൾക്കാം.