ന്യൂഡൽഹി: ഡോക്ടർമാരും ചികിത്സാസേവനങ്ങളും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ (2019) പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡോക്ടർമാർക്കെതിരെ ഉപഭോക്തൃനിയമത്തിന്റെ അടിസ്ഥാനത്തിൽ പരാതിപ്പെടാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മെഡിക്കോസ് ലീഗൽ ആക്‌ഷൻ ഗ്രൂപ്പ് നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ഹിമ കോലി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
1986 ലെ ഉപഭോക്തൃനിയമത്തിനു 2019 ൽ ഭേദഗതി വന്നതു കൊണ്ട് ഡോക്ടർമാർ നൽകുന്ന ആരോഗ്യപരിചരണവും രോഗികളെയും ‘സേവനം’ എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നു ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ.
1986 ലെ നിയമത്തിൽ സേവനങ്ങളുടെ പരിധിയിൽ ആരോഗ്യസേവനം ഇല്ലായിരുന്നുവെന്നും 2019 ലെ നിയമത്തിൽ ഇതുൾപ്പെടുത്താൻ നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീടു ഉപേക്ഷിച്ചതാണെന്നും ഹർജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. ഉപേക്ഷിക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം വ്യക്തമായി പറയേണ്ടതാണെന്നു കോടതി മറുപടി നൽകി. തുടർന്ന്, 2018 ൽ ഉപഭോക്തൃ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ടു പാർലമെന്റിൽ നടന്ന ചർച്ച ഹർജിക്കാർ എടുത്തുപറഞ്ഞു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ ഹർജി സ്വന്തം പോസ്റ്റിൽ ഗോളടിക്കും പോലെയാണെന്നും ഡോക്ടർമാരുടെ പിഴവു സംബന്ധിച്ചു പുതിയ ഹർജികൾ നൽകാൻ ഇതു പലർക്കും പ്രചോദനമാകുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിയോടു പൂർണമായും യോജിപ്പറിയിച്ചാണു ഹർജി തള്ളിയത്. അതേസമയം, കോടതി ചെലവായി 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കാൻ സുപ്രീം കോടതി ഹർജിക്കാർക്കു നാലാഴ്ച കൂടി അനുവദിച്ചു.