തിരുവനന്തപുരം ∙ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ഇതിനായി നിയമിച്ച സമിതിയുടെ റിപ്പോർട്ടിൻമേൽ തീരുമാനമെടുക്കാതെ അടയിരിക്കാൻ തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം തികയുന്നു. രാജസ്ഥാൻ അടക്കം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനിച്ചതിനാൽ പദ്ധതി പിൻവലിക്കാൻ കഴിയുമെന്നു വ്യക്തമായി. പിന്നോട്ടു പോകൽ അസാധ്യമാണെന്നായിരുന്നു പദ്ധതി നടപ്പാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടുത്തിടെ വരെ വാദിച്ചത്.മന്ത്രി കെ.എൻ.ബാലഗോപാലും പദ്ധതി പിൻവലിക്കാൻ കഴിയില്ലെന്നു കഴിഞ്ഞ ഒക്ടോബറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പദ്ധതി പിൻവലിച്ചതോടെ പിൻവലിക്കൽ അസാധ്യമാണെന്ന ന്യായം ഇനി ഉയർത്താൻ കഴിയില്ല.
2013 ഏപ്രിലിലാണ് സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ജീവനക്കാരും സർക്കാരും പ്രതിമാസം നിക്ഷേപിക്കുന്ന വിഹിതം ഫണ്ടിന്റെ വളർച്ചയ്ക്കനുസരിച്ച് പെൻഷനായി നൽകുന്നതാണു പദ്ധതി. സർക്കാർ ഇപ്പോൾ നൽകുന്ന പെൻഷനേക്കാൾ ഉയർന്ന തുക ലഭിക്കുമെന്ന പ്രചാരണത്തോടെ നടപ്പാക്കിയ പദ്ധതി കൊണ്ടു കാര്യമായ സാമ്പത്തിക നേട്ടം ഇല്ലെന്ന വിലയിരുത്തലിലാണ് ജീവനക്കാരുടെ സംഘടനകൾ. സംസ്ഥാനത്തെ അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ 1.60 ലക്ഷം പേരാണ് ഇപ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്.