ദുബായ് ∙ സാമ്പത്തിക അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ഇന്ത്യയിലും ആഗോളതലത്തിലും സ്വർണത്തിന് ആവശ്യമേറുന്നു. ഇക്കൊല്ലം ആദ്യ 3 മാസം മാത്രം 34% ആണു വർധന. ഇടിഎഫിന് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) പ്രിയമേറിയതാണ് ഇതിനു കാരണമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം ആഭരണമേഖലയിൽ മഞ്ഞലോഹം അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തിയത്. നിക്ഷേപരംഗത്ത് ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകതയിൽ 4% വർധനയുണ്ടായി.
ജനുവരി – മാർച്ചിൽ 1234 ടണ്ണാണ് ആഗോളതലത്തിൽ സ്വർണത്തിനുണ്ടായ ഡിമാൻഡ് വർധന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 919.1 ടണ്ണായിരുന്നു. സ്വർണക്കട്ടി, നാണയം എന്നിവയുടെ ആവശ്യകതയിലും 5 വർഷത്തെ അപേക്ഷിച്ച് 11% വർധനയുണ്ട്. 282 ടണ്ണാണ് ആഗോള കണക്ക്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 20% കുറവുണ്ടായി. വിവാഹ ആവശ്യങ്ങൾ കുറയുകയും വില കൂടുകയും ചെയ്തതോടെ ഇക്കൊല്ലം ആദ്യ 3 മാസത്തിൽ ആഭരണ ആവശ്യകത 18% കുറഞ്ഞ് 135 ടണ്ണായി. എന്നാൽ നിക്ഷേപരംഗത്ത് ആവശ്യകത വർധിച്ച് 41 ടണ്ണായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 39 ടണ്ണായിരുന്നു.