ജയ്പുർ/ ഗുണ്ടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസിൽ രാജസ്ഥാനിലെ പോക്സോ കോടതി 2 പേർക്ക് വധശിക്ഷ വിധിച്ചു. സുൽത്താൻ (27), ഛോട്ടുലാൽ (62) എന്നിവരെയാണ് ശിക്ഷിച്ചത്. 11 ദിവസങ്ങൾക്കുള്ളിൽ ശിക്ഷ നടപ്പാക്കാനും ബുണ്ടിയിലെ കോടതി നിർദേശിച്ചു.ബസോലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ കഴിഞ്ഞവർഷം ഡിസംബർ 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. 200 പേരടങ്ങുന്ന പൊലീസ് സംഘം 12 മണിക്കൂറിനുള്ളിൽതന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും 3 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്നാമത്തെ പ്രതിയെ ജുവനൈൽ ഹോമിലാക്കി.പോക്സോ കേസിൽ 2 പേരെ വധശിക്ഷയ്ക്കു വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നു ചൂണ്ടിക്കാട്ടിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞു.