കൊച്ചി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ (Vijay Babu) നടപടി എടുക്കുന്നതിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തർക്കം. വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തു. നടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്‍റെ വാദം. നടപടി എടുത്താൽ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലികളുടെ വാദം. അവസാനം ദീർഘനേരത്തെ ചർച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ സംഘടനയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.
പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
ഇതിനിടെ ദുബൈയിൽ ഒളിവിലുള്ള നടനെ തിരിച്ചെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം കൊച്ചി സിറ്റി പോലീസ് ഊർജിതമാക്കി. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.