തേഞ്ഞിപ്പലം : കത്തിയെരിയുന്ന ചൂടൊന്നും പാലക്കാട്ടുകാർക്കു പ്രശ്നമേയല്ല. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലെ പൊള്ളുന്ന ചൂടിനെ ഓടിയും ചാടിയും തോൽപ്പിച്ച് പാലക്കാട് സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ കുതിപ്പ് തുടരുന്നു. മീറ്റ് വ്യാഴാഴ്ച സമാപിക്കാനിരിക്കെ പാലക്കാട് കിരീടം നിലനിർത്താനുള്ള സാധ്യതയാണേറെയും. 17 സ്വർണവും 16 വെള്ളിയും 15 വെങ്കലവുമായി 352 പോയന്റ് നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 21 സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമുള്ള എറണാകുളം (295.5) ആണ് രണ്ടാമത്. 16 സ്വർണവും ഒമ്പത് വെള്ളിയും 10 വെങ്കലവുമായി 262.5 പോയന്റോടെ കോഴിക്കോട് മൂന്നാമതുണ്ട്.
ബുധനാഴ്ച പത്ത് മീറ്റ് റെക്കോഡുകൾ പിറന്നു. അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജമ്പിൽ കോഴിക്കോടിന്റെ മുബസിന മുഹമ്മദ് (5.90 മീ.), ഡിസ്കസ് ത്രോയിൽ കാസർകോടിന്റെ വി.എസ്. അനുപ്രിയ (37.23), അണ്ടർ 20 100 മീ. ഹർഡിൽസിൽ തൃശ്ശൂരിന്റെ ആൻ റോസ് ടോമി (14.22 സെക്കൻഡ്), 10,000 മീ. നടത്തത്തിൽ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രൻ (49.57 മിനിറ്റ്), ഹൈജമ്പിൽ എറണാകുളത്തിന്റെ തന്നെ മീരാ ഷിബു (1.72 മീ.), അണ്ടർ 14 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആലപ്പുഴയുടെ സച്ചു മാർട്ടിൻ (13.26 മീ.), ബോൾത്രോയിൽ വയനാടിന്റെ തേജസ് ചന്ദ്രൻ (67.04 മീ.), അണ്ടർ 16 വിഭാഗം 300 മീറ്ററിൽ കോഴിക്കോടിന്റെ ടി. അഘോഷ് (37.31 സെക്കൻഡ്), ഹെക്സത്തലണിൽ മലപ്പുറത്തിന്റെ ഇർഫാൻ മുഹമ്മദ് (2946 പോയന്റ്), 80 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ. കിരൺ (10.90 സെക്കൻഡ്) എന്നിവരാണ് പുതിയ റെക്കോഡുകൾ സൃഷ്ടിച്ചത്. അവസാനദിനമായ വ്യാഴാഴ്ച 38 ഫൈനലുകളുണ്ട്.