കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കഴിക്കമ്പലത്തെ ട്വന്‍റി ട്വന്‍റി ഇത്തവണ മൽസരിച്ചേക്കില്ല. ആം ആദ്മി പാർടി സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കാനാണ് ആലോചന. കേജരിവാൾ എത്തി മുന്നണി പ്രഖ്യാപിച്ചാലും തൃക്കാക്കരയിൽ ട്വന്‍റി ട്വന്‍റി പരസ്യപ്രചാരണത്തിന് ഇറങ്ങിയേക്കില്ല.പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും.
യുഡിഎഫിൻ്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പിൽ പല നേതാക്കളും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎൽഎ പിടി തോമസിൻ്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കൾ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.
മറുവശത്ത് കോണ്ഗ്രസ് സ്ഥാനാർത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിൻ്റെ സ്ഥാനാർത്ഥിത്വം മുൻകൂട്ടി കണ്ട് കോണ്ഗ്രസിലെ കുടുംബാധിപത്യത്തെ വിമർശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങൾ സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകൾ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാൽ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തതിത്വത്തെ ഇവിടെ സ്ഥാനാർത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്. എന്നാൽ ഉമയ്ക്ക് എതിരെ ഒരു വനിതാ സ്ഥാനാർത്ഥിയായി ഇറക്കണമെന്ന നിർദേശവും സജീവമാണ്. ഇതൊന്നുമല്ല നിലവിലെ കൊച്ചി മേയർ അനിൽ കുമാറിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കണം എന്ന നിർദേശവും ചില കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാർത്ഥിയിലേക്ക് അവർ എത്തിയിട്ടില്ല.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്.
പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്ഗ്രസ് നേരിടുന്ന ആദ്യതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ.സുധാകരനും വിഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും. പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന മുതിർന്ന നേതാവ് കെ.വി.തോമസ് തൃക്കാക്കരയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയണം.