തിരുവനന്തപുരം: ഒരു വര്‍ഷം പിന്നിട്ട രണ്ടാം പിണറായി സര്‍ക്കാരിനുള്ള മാര്‍ക്കിടലാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. സില്‍വര്‍ ലൈന്‍ തന്നെയായിരിക്കും ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്രചാരണ വിഷയം. ഒപ്പം പാലാരിവട്ടം പാലവും തൃക്കാക്കര നഗരസഭയിലെ തമ്മിലടിയുമൊക്കെ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യും. പി.ടി. തോമസിന്റെ വിയോഗം ഉയര്‍ത്തുന്ന സഹതാപതരംഗവും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാകും.
തൃക്കാക്കരയിലെ അങ്കത്തട്ടിലായിരിക്കും ഇനിയുള്ള ഒരു മാസം കേരള രാഷ്ട്രീയം കറങ്ങിത്തിരിയുക. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഉപതിരഞ്ഞെടുപ്പെത്തുന്നത്. പിണറായി വിജയന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈനായിരിക്കും തൃക്കാക്കരയിലെ പ്രചാരണത്തിന് ഗതിവേഗം നല്‍കുക. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അപ്രായോഗികത ഉയര്‍ത്തിക്കാട്ടിയായിരിക്കും കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്താനിറങ്ങുക. ജനങ്ങളെ വെല്ലുവിളിച്ചുള്ള പദ്ധതി നടത്തിപ്പും പ്രതിപക്ഷം ചര്‍ച്ചയാക്കും. എന്നാല്‍ സില്‍വര്‍ ലൈന്‍ സ്റ്റേഷന് വരുന്ന മണ്ഡലമെന്നതും, പദ്ധതിയുടെ പേരില്‍ മണ്ഡലത്തിലെ ഒരു വീടുപോലും ഒഴിപ്പിക്കേണ്ടി വരില്ല എന്നതും അനുകൂലഘടകമായി സിപിഎം കാണുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ പ്രചാരണം ഇത്തവണയും പാലാരിവട്ടം പാലം കയറുമെന്ന് ഉറപ്പ്. അന്വേഷണം പൂര്‍ത്തിയായി ഒരു കൊല്ലം പിന്നിട്ടിട്ടും കുറ്റപത്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തത് ഇടതുപക്ഷത്തിന് വിശദീകരിക്കേണ്ടിവരും. ഒപ്പം മണ്ഡലത്തിന്റെ ഹൃദയത്തിലെ പാലം പൊളിച്ചുപണിയേണ്ടവന്ന സാഹചര്യം ഇക്കുറിയും യുഡിഎഫിനെ വേട്ടയാടും. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലെ ഭരണപ്രതിപക്ഷ പോര് ഉപതിരഞ്ഞെടുപ്പിലേക്കും വ്യാപിക്കും. നഗരസഭയിലെ അഴിമതിആരോപണങ്ങളും വൈസ് ചെയര്‍മാന്റെ മകന് ഉള്‍പ്പെട്ട സ്വര്‍ണക്കടത്തുകേസും എല്‍ഡിഎഫ് പ്രചാരണായുധമാക്കും. എങ്ങുമെത്താത്ത പ്രളയദുരിതാശ്വാസത്തട്ടിപ്പ് അന്വേഷണം കോണ്‍ഗ്രസും എടുത്തുപോയോഗിക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെയും ഏരിയ സെക്രട്ടറിയെയും പാര്‍ട്ടിക്ക് പുറത്താക്കിയ സിപിഎമ്മിന് ഇത്തവണ ജയിക്കേണ്ടത് അഭിമാന പ്രശ്നമാണ്. ഇത്തവണകൂടി തോറ്റാല്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് എന്തിനെന്ന് സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരും. 2021ല്‍ പതിനാലായിരത്തോളം വോട്ട് പിടിച്ച ട്വന്റി 20ക്കൊപ്പം ആം ആദ്മി പാര്‍ട്ടി കൂടി ചേരുന്നതോടെ തൃക്കാക്കരയില്‍ ഇത്തവണ പോരുമുറുകും.