കോട്ടയം: വിദ്വേഷപ്രസംഗത്തില്‍ പി.സി ജോര്‍ജിനു ജാമ്യം ലഭിച്ചതില്‍ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകിട്ടിയശേഷം തുടര്‍ നടപടികളെന്നു പ്രോസിക്യൂഷന്‍. അപ്പീലിനു പോയേക്കുമെന്നാണ് സൂചന. പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരമല്ലെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.ജാമ്യം അനുവദിച്ചത് ഞായറാഴ്ചയായതിനാലും ഇന്നും ഇന്നലെയും അവധിയായിരുന്നതിനാലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബുധനാഴ്ചയേ പ്രോസിക്യൂഷനു കിട്ടുകയുള്ളു. ഇതു കിട്ടിയശേഷം അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. 153 എ,295 എ വകുപ്പുകള്‍ പ്രകാരം അറസ്റ്റു ചെയ്താല്‍ 16 വയസിനു താഴെയുള്ളവര്‍, വനിത, രോഗബാധിതര്‍ എന്നവര്‍ക്കാണ് കോടതിയില്‍ നിന്നു ആനുകൂല്യം ലഭിക്കുന്നത്. രോഗബാധിതര്‍ എന്ന ഗണത്തില്‍പെടുത്തിയാണ് പി.സി.ജോര്‍ജ് ജാമ്യം നേടിയത്. ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍റെ കൂടി അഭിപ്രായം തേടിയശേഷമായിരിക്കും അന്തിമ തീരുമാനം.