ന്യൂഡൽഹി: രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. സഞ്ചരിക്കുന്ന ദൂരത്തിന് പണം നല്‍കുന്ന സംവിധാനം ഏർപ്പെടുത്തും. ഉപഗ്രഹ നാവിഗേഷന്‍ സംവിധാനം വഴിയാകും പുതിയ ടോള്‍ പിരിവ്. ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. നിലവിൽ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി.
നിലവിലെ ഫാസ്ടാഗ് സംവിധാനം പൂർണമായും ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. നിലവിൽ രാജ്യത്ത് എല്ലാ വാഹനങ്ങൾക്കും നിശ്ചിതമായ ഒരു ടോൾനിരക്ക് നൽകേണ്ട സാഹചര്യമാണ്. അതിനുപകരമായി എത്രദൂരം ടോൾ ഏർപ്പെടുത്തിയ റോഡിലൂടെ സഞ്ചരിക്കുന്നുവോ അതിനനുസരിച്ച് കിലോമീറ്ററിന് ആനുപാതികമായ നിരക്ക് വാഹനങ്ങൾ നൽകിയാൽ മതിയാകും. അത് കണ്ടെത്തുന്നതിനായി ഉപഗ്രഹ നാവിഗേഷൻ സംവിധാനം ഏർപ്പെടുത്തും. യൂറോപ്യൻ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്ന സംവിധാനം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കണമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് ഏതാണ്ട് 1,37000 വാഹനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച്ചയ്ക്കകം തന്നെ പരീക്ഷണത്തിന്റെ അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നാണ് വിവരം