മുംബൈ: ഹിന്ദി ഭാഷയുടെ പേരിൽ കന്നട സൂപ്പർ താരം ‘കിച്ച’ സുദീപും ബോളിവുഡ് നടൻ അജയ് ദേവ്‍ഗണും തമ്മിലുണ്ടായ തർക്കത്തിൽ പ്രതികരിച്ച് ഗായകൻ സോനു നിഗം. എന്തിനാണ് വെറുതെ ഭാഷയുടെ പേരിൽ തർക്കം. അവരവർക്ക് അറിയുന്ന ഭാഷ സംസാരിക്കുക. ഹിന്ദിയേ സംസാരിക്കാവു എന്ന് പറയുന്നതൊക്കെ ന്യായീകരിക്കാനാകില്ലെന്നും സോനു പറഞ്ഞു.
ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷയെന്ന് ഭരണഘടനയിൽ എഴുതിവച്ചിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നത് ഹിന്ദിയാണെന്ന് അറിയാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷ തമിഴാണെന്ന് എത്ര പേർക്ക് അറിയാം.? ഇതിന്റെ പേരിൽ സംസ്കൃതവും തമിഴും തമ്മിൽ തർക്കമുണ്ടായി. ആവശ്യത്തിലേറെ പ്രശ്നങ്ങൾ രാജ്യം അഭിമുഖീകരിക്കുകയാണ്. അതിനിടയ്ക്ക് ഇത്തരത്തിലുള്ള വിവാദമൊക്കെ രാജ്യത്തിന് തലവേദനയാണ്.
തമിഴനായ നിങ്ങൾ ഹിന്ദി സംസാരിക്കൂ എന്നൊക്കെ പറയുന്നത് എന്തിന്? അവരെന്തിന് ഹിന്ദി സംസാരിക്കണം? കോടതിയിൽ അധികവും ഉപയോഗിക്കുന്നത് ഇംഗ്ലീഷ് ആണ്. ‘അത് പറ്റില്ല, ഹിന്ദിയിൽ മതി’യെന്ന് പറയാനാകുമോ?. വിമാനത്തിൽ എയർഹോസ്റ്റസിനോട് ഞാൻ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അവർ ഇംഗ്ലീഷിലാണ് മറുപടി നൽകുന്നത്. ഇംഗ്ലീഷ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലാത്ത ഭാഷയാണ്. എങ്കിലും നാം അത് അംഗീകരിക്കണം. യാഥാർത്ഥ്യം മനസസ്സിലാക്കണം. നമ്മുടെ രാജ്യത്ത് ഭാഷയുടെ പേരിൽ വിഭജനം ശരിയല്ല. അവരവർക്ക് അറിയാവുന്ന ഭാഷ സംസാരിക്കട്ടെ. ഇതിന്റെ പേരിലുള്ള പ്രശ്നങ്ങൾ അംഗീകരിക്കാനാകില്ല.–സോനു നിഗം പറഞ്ഞു,