തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി സാംസ്കാരിക മന്ത്രി വിളിച്ചുചേർത്ത യോഗം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി രാജീവിന്റെ പരാമർശത്തിനെതിരെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് സാധ്യത.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി രണ്ട് വർഷം മുമ്പാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ തുടർചർച്ചയല്ല വേണ്ടത്, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യുസിസി നിലപാട്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷൻ വിമർശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
മറുപടി ലഭിച്ചില്ലെങ്കില്‍ സമിതിയെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ താന്‍ തന്നെ കേരളത്തിലേക്ക് പോകുമെന്നും രേഖ ശർമ്മ പറഞ്ഞു. വിഷയത്തില്‍ മന്ത്രി പി രാജീവിന്‍റെ ന്യായീകരണം വനിതാ കമ്മീഷന്‍ തള്ളി. കമ്മിറ്റി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ പരാതിക്കാര്‍ക്ക് നല്‍കണമെന്നത് ചട്ടമാണെന്നും വാർത്ത സമ്മേളത്തില്‍ രേഖ ശർമ്മ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു. അതേസമയം റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.
എന്നാല്‍ റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്, റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം എന്നിവയാണ് ജനുവരി 21ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത്.
എന്നാല്‍ മന്ത്രി പി രാജീവ് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്‍റെ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെ,’ഡബ്ല്യുസിസി പ്രതിനിധികളെ ഞാൻ കണ്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് അവർ തന്നെ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ല’. മാധ്യമ പ്രവർത്തകർ നേരിട്ട് കണ്ടപ്പോളും മന്ത്രി ഈ നിലപാട് ആവർത്തിച്ചു.