ബെംഗളൂരു: മഹാനായ ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം നൽകുന്നതാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ദരിദ്രരെയും ദുർബലരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ആദരിക്കപ്പെടും. ലിംഗായത്ത് പരമാചാര്യനും നവോത്ഥാന നായകനുമായ ബസവേശ്വരന്റെ 891-ാം ജയന്തി ആചരണം ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബസവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പ്രസിഡന്റ് അരവിന്ദ് ജെട്ടി അധ്യക്ഷത വഹിച്ചു.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഭഗവന്ത് ഖൂബ, കർണാടക ബിജെപി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ, മന്ത്രിമാർ തുടങ്ങിയവരും പങ്കെടുത്തു. അഖില കേരള വീരശൈവ മഹാസഭയുടെയും ബസവ സമിതിയുടെയും നേതൃത്വത്തിൽ കേരളത്തിലും വ്യാപകമായി ജയന്തി ആചരിച്ചു.