തിരുവനന്തപുരം : ഭക്ഷ്യവിഷബാധ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രതയും കര്‍ശന നടപടികളുമായി ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളില്‍ 1132 സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 110 കടകള്‍ പൂട്ടിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളാണ് കണ്ടെത്തിയത്. വൃത്തിഹീനമായ 49 കടകളും കണ്ടെത്തി. സംസ്ഥാനത്തെ 347 സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 ഭക്ഷണ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് പരിശോധന അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിരുന്നു. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി.
വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്.