പാലക്കാട് : കഞ്ചാവ് വിൽപ്പനക്കാരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽവെച്ച് ഓടിച്ചിട്ട് പിടികൂടി റെയില്‍വേ പോലീസ്. തിരുവനന്തപുരം സ്വദേശികളാണ് 20 കിലോ കഞ്ചാവുമായി പിടിയിലായത്. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവാണ് റെയില്‍വേ പോലീസ് പിടികൂടിയത്. വിളവെടുപ്പ് കാലമായതിനാൽ വൻതോതിലാണ് ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.
തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുബിൻ രാജ്, വെള്ളറട സ്വദേശി അനു എന്നിവെരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ഗുരുദേവ് എക്സ്പ്രസിൽ വന്നിറങ്ങിയ പ്രതികൾ, പരിശോധന കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആർപിഎഫ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 20 കിലോയിൽ അധികം കഞ്ചാവ് കണ്ടെടുത്തു. പ്രതികള്‍ മുൻപും ലഹരി കടത്ത് കേസിൽ അറസ്റ്റിലായിട്ടുള്ളവരാണ്.
ആന്ധ്രയിൽ വിളവെടുപ്പ് കാലമായതോടെ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തുന്നുണ്ട്. ചെറിയ വിലയ്ക്ക് അവിടെ നിന്ന് വാങ്ങി അമിത ലാഭത്തിൽ ഇവിടെ വിൽക്കും. കൊവിഡ് കാലത്ത് ലഹരി കടത്ത് അല്പം കുറഞ്ഞെങ്കിൽ ഇപ്പോൾ വൻതോതിൽ കൂടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കൊല്ലം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 190 കിലോ കഞ്ചാവാണ് ആർപിഎഫ് പിടികൂടിയത്. എന്നാൽ ഇക്കൊല്ലം ഇതുവരെ 160 കിലോയ്ക്ക് മുകളിൽ പിടികൂടിക്കഴിഞ്ഞു.