ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്‍റെ കുടുംബത്തെ സഹായിക്കാന്‍ പിരിവുമായി സിപിഎം. ഇടുക്കി, കണ്ണൂര‍് ജില്ലകളിലെ മുഴുവനിടങ്ങളിലും മൂന്ന് ദിവസം പിരിവിനിറങ്ങി ധീരജിന്‍റെ കുടുംബത്തെ സഹായിക്കാനുള്ള തുക കണ്ടെത്താനാണ് സിപിഎം തീരുമാനം. ഇന്ന് രാവിലെയാണ് പിരിവ് ആരംഭിച്ചത്. ഒന്‍പതാം തീയതിയോടെ ഫണ്ട് പിരിവ് അവസാനിപ്പിക്കും. കുടുംബത്തെ സഹായിച്ച ശേഷം ബാക്കി വരുന്ന തുകക്ക് ഇരു ജില്ലകളിലും ധീരജിന്‍റെ പേരില്‍ സ്മാരകം പണിയും.
മാര്‍റ്റുകളും കടകളും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലുമൊക്കെ കയറിയിറങ്ങി കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും സമാഹരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇടുക്കിയില്‍ ചെങ്കൊടിയും പ്ലക്കാർഡുകളുമായി നേതാക്കളും പ്രവർത്തകരും വ്യാപാര സ്ഥാപനങ്ങളും വീടുകളും കയറിയിറങ്ങിയാണ് ഹുണ്ടിക പിരിവ് നടത്തുന്നത്. സിപിഐ എം ബ്രാഞ്ച്, ടൗൺ, സ്‌റ്റാൻഡ്, പൊതുനിരത്ത് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽനിന്നും ശേഖരിക്കുന്നുണ്ട്.
ധീരജ് എസ്എഫ്ഐ നേതാവായിരുന്ന ഇടുക്കി ജില്ലയിലും ജന്മ നാടായ തളിപറമ്പടങ്ങുന്ന കണ്ണൂര്‍ ജില്ലയിലും ബക്കറ്റുമായി നേതാക്കളെത്തും. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയോ അവരുടെ അഭാത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളുടെയോ നേതൃത്വത്തിലായിരിക്കും എല്ലായിടത്തും പിരിവ് നടക്കുക. തോടുപുഴയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നേതൃത്വത്തിലായിരുന്നു ഹണ്ടിക പിരിവ് ആരംഭിച്ചത്.
മെയ് 10ന് മുമ്പ് ധനസമാഹരണം പൂര്‍ത്തിയാക്കണമെന്നാണ് കീഴ് ഘടകങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സമാഹരിക്കുന്ന പണത്തില്‍ പ്രധാന പങ്ക് കുടുംബത്തിന് നല്‍കും. ബാക്കിയുള്ളവ ഉപയോഗിച്ച് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലും തളിപറന്പിലും സ്മാരകം പണിയാനാണ് പാര്‍ട്ടിയുടെ തീരുമാനം. ധീരജ് സ്മാരക, കുടുംബ സഹായനിധി ശേഖരണത്തിന് ജില്ലയിലെമ്പാടും ആവേശ പ്രതികരണമാണ് ലഭിക്കുന്നത്.