തിരുവനന്തപുരം: ഷവർമ കടകളിലെ ജീവനക്കാർക്കു പരീശീലനം നിർബന്ധമാക്കുന്നു. ഷവർമ കഴിച്ചു വിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് നടപടി. കടകളിൽ ഷവർമ ഉണ്ടാക്കുന്നതിനു മാനദണ്ഡം നിർദേശിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്, കടകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നിർബന്ധമായും പരിശീലനം നൽകണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നോട്ടു വയ്ക്കാനൊരുങ്ങുന്നത്. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളവരും ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു പരിശീലനം നൽകുന്നുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശീലനത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ കടയുടമകൾക്കു നൽകും. പരിശീലനം നേടി സർട്ടിഫിക്കറ്റ് ലഭിക്കാത്ത ജീവനക്കാരുള്ള കടകളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഷവർമ കടകളിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ജീവനക്കാരാണ് കൂടുതലും പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകളിൽ പാചകക്കാരന്റെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നും പരിശീലനം നൽകുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
മയോണൈസ് തയാറാക്കുന്നത് ശ്രദ്ധയോടെ വേണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മറ്റൊരു നിർദേശം. സ്റ്റെറിലൈസ്ഡ് മുട്ടയിൽനിന്നു മാത്രമേ ഇനി മയോണൈസ് ഉണ്ടാക്കാന്‍ പാടൂള്ളൂ. ഇത്തരം മയോണൈസ് വിപണിയിൽ ലഭ്യമാണ്. പച്ചമുട്ടയിൽ മയോണൈസ് ഉണ്ടാക്കിയശേഷം സാധാരണ താപനിലയിൽ ആറു മണിക്കൂറിലേറെ സൂക്ഷിക്കുന്നത് സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യത്തിന് കാരണമാകും. കേടാകാത്ത വൃത്തിയുള്ള ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധനയിലൂടെ ഉറപ്പാക്കും. ഷവർമയ്ക്കായി വേവിക്കുന്ന ഇറച്ചി വീണ്ടും പ്രത്യേക താപനിലയിൽ ഗ്രിൽ ചെയ്യണമെന്നും നിർദേശിക്കും. മാംസത്തിന്റെ വ്യത്യസ്തമായ പാചകരീതിയും ഭക്ഷ്യ വിഷബാധയിലേക്കു നയിക്കുന്നുണ്ട്. വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരും.
ഭക്ഷ്യമേഖലയിൽ 59,000 ലൈസൻസും 2.15 ലക്ഷത്തിനു മുകളിൽ റജിസ്ട്രേഷനും ഉണ്ടെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളുടെ കൃത്യമായ കണക്കില്ല. തട്ടുകടകൾ അടക്കമുള്ള കടകൾ പെട്ടെന്നു തുറക്കുകയും പൂട്ടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇനിമുതൽ ലൈസൻസില്ലാതെ കടകൾ തുറക്കാൻ കഴിയില്ലെന്നു നിർദേശം നൽകും. ഇപ്പോൾത്തന്നെ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ പരിശോധനയിലൂടെ അടച്ചു പൂട്ടുന്നുണ്ട്. എന്നാൽ, ഇത്തരം കടകൾക്കു നോട്ടിസ് കൊടുത്തശേഷമേ പൂട്ടാൻ കഴിയൂ. ഇനിമുതൽ അസി. കമ്മിഷണർമാരുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കടകൾ ഉടനെ പൂട്ടുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. തുറക്കണമെങ്കിൽ നിയമ നടപടികളെല്ലാം പൂർത്തിയാക്കേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ലൈസൻസില്ലാതെ കടകൾ തുറക്കില്ലെന്ന് ഉറപ്പാക്കും.