ആലപ്പുഴ: മാരാരിക്കുളത്ത് സ്വകാര്യ റിസോർട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി ഹണിട്രാപ്പിനു സമാനമായ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. തൃശൂർ കീഴേ പള്ളിക്കര പോഴത്ത് വീട്ടിൽ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂർ വീട്ടിൽ കെ എബി (19), ചാവക്കാട് പുത്തൻപുരയിൽ ഹൗസിൽ എസ് അജ്മൽ (20), വേലൂർ കിരാലൂർ വാവറൂട്ടി ഹൗസിൽ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി ഹൗസിൽ റൊണാൾഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
കേസിൽ നേരത്തെ അഞ്ച് പ്രതികൾ അറസ്റ്റിലായിരുന്നു. പ്രധാന പ്രതികളായ ചാവക്കാട് സ്വദേശിയും തൃശൂർ സ്വദേശിനിയും ഒളിവിലാണ്. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശി വാറാൻ കവലയ്ക്ക് സമീപം റിസോർട്ട് നടത്തുന്ന നാൽപത്തിമൂന്നുകാരനെയാണ് ഭീഷണിപ്പെടുത്തി 10 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഇയാൾ പലരെയും വായ്പയ്ക്ക് സമീപിച്ചിരുന്നു. ഇത്തരത്തിൽ തൃശൂരിലെ യുവതിയെ പരിചയപ്പെട്ടു. ഇവർ ആവശ്യപ്പെട്ടതു പ്രകാരം തൃശൂരിലെ ലോഡ്ജിലെ മുറിയിലെത്തിയ റിസോർട്ട് ഉടമയെ പിന്നീട് സ്ത്രീയുടെ സുഹൃത്തുക്കളെന്ന പേരിലെത്തിയ യുവാക്കൾ ഭീഷണിപ്പെടുത്തി.
10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ റിസോർട്ട് ഉടമയുടെ വീട്ടുകാർ ഇയാളെ കാണാനില്ലെന്നുകാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ്, ഇയാളെ ചെറുതുരുത്തിക്ക് സമീപം ആൾത്താമസമില്ലാത്ത വീട്ടിൽ തടവിൽ പാർപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന 5 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് ഇപ്പോൾ പിടിയിലായത്. സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥികളായ ഇവർ മുമ്പ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിൽ നിന്നു പുറത്താക്കിയതിനെ തുടർന്ന് കോളജിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് ഇപ്പോൾ താമസിക്കുന്നത്.