തിരുവനന്തപുരം : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചാരണത്തിനിറങ്ങിയെന്ന ആരോപണത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരനെതിരെ നടപടിയുണ്ടാകില്ല. ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനല്ല മുരളീധരന്‍ പോയതെന്ന് ഡിസിസി വിശദീകരിച്ചു. ജോ ജോസഫ് പ്രചരണത്തിനെത്തിയപ്പോള്‍ സംസാരിക്കുക മാത്രമാണ് എം ബി മുരളീധരന്‍ ചെയ്തതെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെ വെണ്ണല ക്ഷേത്രത്തിലാണ് ജോ ജോസഫ് പ്രചാരണത്തിനെത്തിയത്. ഇവിടെ വെച്ച് എം ബി മുരളീധരനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് വിഷയത്തില്‍ ചര്‍ച്ചകളുണ്ടായത്. ഡിസിസി ജനറല്‍ സെക്രട്ടറി തനിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചതായി ജോ ജോസഫ് പറഞ്ഞതോടെ കൂടിക്കാഴ്ച വലിയ വിവാദമായി. എന്നാല്‍ ഈ പ്രസ്താവന ഡിസിസി നേതൃത്വം പൂര്‍ണമായി നിഷേധിച്ചു. എം ബി മുരളീധരനുമായി സംസാരിച്ച ശേഷമായിരുന്നു ജോ ജോസഫിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ഡിസിസി പ്രഖ്യാപിച്ചത്.
ക്ഷേത്രത്തിലെ വരണാധികാരികളിലൊരാളാണ് എം ബി മുരളീധരന്‍. ജോ ജോസഫെത്തിയപ്പോള്‍ സംസാരിച്ചു എന്നതില്‍ക്കവിഞ്ഞ് യാതൊരു പിന്തുണയും താന്‍ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു മുരളീധരന്റെ വിശദീകരണം. കൂടിയാലോചന ഇല്ലാതെയാണ് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് എം ബി മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ വിവാദമെത്തിയത്. എം ബി മുരളീധരനോട് കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ ചോദിക്കുമെന്നും ഡിസിസി വ്യക്തമാക്കി.