ആലപ്പുഴ : ആലപ്പുഴ നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ അറസ്റ്റില്‍. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗം കൂടിയാണ് സോളമന്‍. കോൺഗ്രസ് ഓഫീസിന് മുന്നിൽ വെച്ച് ഇയാൾ ആക്രമണത്തിന് നിർദ്ദേശിക്കുന്ന വിഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സോളമനെ കേസില്‍ പ്രതി ചേർത്തത്. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. സിപിഐ പ്രവർത്തകരെയും പോലീസിനെയും ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ കോൺഗ്രസുകാരുടെ എണ്ണം ഏഴായി.
കോൺഗ്രസ് ഓഫീസിന് മുന്നിൽ സിപിഐ കൊടിമരം നാട്ടിയതാണ് നൂറനാട്ടെ സിപിഐ-കോൺഗ്രസ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കൊടി പിഴുതി മാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് തകർത്തതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് ഓഫീസ് തകർത്ത കേസിൽ രണ്ട് സിപിഐ പ്രവർത്തകരെയും പോലീസിനെ ആക്രമിച്ചതിന് രണ്ട് കോൺഗ്രസ് പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നീ സിപിഐ പ്രവർത്തകരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിട പോലീസിനെ കയ്യേറ്റം ചെയ്തെന്നാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ്. ഈ കേസിൽ നൂറനാട് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാ പാറയിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷമീം എന്നിവരാണ് അറസ്റ്റിലായത്.