ന്യൂഡല്‍ഹി : ചിപ്പ് അഥവാ സെമി കണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. വാഹന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെടെ പല മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ചിപ്പ് നിര്‍മ്മാണത്തിന് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരുന്നു. ഇതിന്റെ ഫലമായി അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു ഡസന്‍ അര്‍ദ്ധചാലക നിര്‍മ്മാതാക്കളെങ്കിലും ഇന്ത്യയില്‍ പ്രാദേശിക ഫാക്ടറികള്‍ സ്ഥാപിക്കാന്‍ തുടങ്ങുമെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രി പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചിപ്പ് നിര്‍മ്മാണ വ്യവസായത്തിനായി ഒരു സമ്പൂര്‍ണ പദ്ധതി വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും 2022 ജനുവരി 1 മുതല്‍ പ്രോത്സാഹന പദ്ധതികള്‍ക്ക് കീഴില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന്റെ പദ്ധതിയോടുള്ള പ്രതികരണം വളരെ മികച്ചതാണെന്നും എല്ലാ വമ്പന്‍ കമ്പനികളും ഇന്ത്യന്‍ പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. പലരും ഇവിടെ തങ്ങളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നേരിട്ട് വരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക ചിപ്പ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി ആറ് വര്‍ഷത്തിനിടെ 76,000 കോടി രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇത് പല മേഖലയിലും ഉപയോഗിക്കുന്ന ചിപ്പുകളുടെ വിലകൂടിയ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ രാജ്യത്തെ സഹായിക്കും. ആഗോള ക്ഷാമത്തിനിടയില്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ പ്രതിസന്ധിയിലാണ്. നിലവില്‍, ഇന്ത്യ അതിന്റെ മിക്കവാറും എല്ലാ അര്‍ദ്ധചാലക ആവശ്യത്തിനും വിദേശ നിര്‍മ്മാതാക്കളെയാണ് ആശ്രയിക്കുന്നത്.