തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 35 രൂപയാണ് കുറഞ്ഞത്. ഒരു പവൻ വിലയിൽ 280 രൂപയുടെ കുറവുണ്ടായി. 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന് വില 4675 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 37400 രൂപയാണ്.
18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിലും കുറവുണ്ടായി. ഒരു ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 3860 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റം ഉണ്ടായിട്ടില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് ഇന്നും വില ഗ്രാമിന് 100 രൂപയാണ്. സാധാരണ വെള്ളി ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 66 രൂപയായി.
അതേസമയം സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖലയിൽ വീണ്ടുമുണ്ടായ തർക്കത്തിൽ നയം വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്വർണവില കൂട്ടാനുള്ള വൻകിട ജ്വല്ലറികളുടെ സമ്മർദത്തിന് വഴങ്ങില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് എകെജിഎസ്എംഎ ആണ്. വില നിശ്ചയിക്കുമ്പോൾ ലാഭ ശതമാനം കൂട്ടിയിടണമെന്നായിരുന്നു ചില വൻകിട സ്വർണ വ്യാപാരികളുടെ ആവശ്യം. എന്നാൽ സംഘടന ഇതിനു തയ്യാറാകാത്തതിനാൽ സ്വയം ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ച് വിപണനം നടത്തുകയാണ് ചില ജ്വല്ലറികൾ ചെയ്തത്. ലാഭ ശതമാനം കൂട്ടി സ്വർണവില വർധിപ്പിക്കാനുള്ള ആവശ്യത്തോട് അസോസിയേഷൻ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് വൻകിട ജ്വല്ലറികൾ ലാഭ ശതമാനം ഒഴിവാക്കി വില നിശ്ചയിച്ചത്. എന്നാൽ ഇത് അസോസിയേഷനെ സമ്മർദ്ദത്തിലാക്കാനുള്ള നടപടിയാണെന്നും ഇതിനോട് യോജിക്കില്ലെന്നും സ്വർണവില നിർണയ കമ്മിറ്റി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, അംഗങ്ങളായ കെ.സുരേന്ദ്രൻ കൊടുവള്ളി, അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ 50 വർഷത്തിലേറെയായി ദിവസേന സ്വർണ്ണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്. വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് എല്ലാ ദിവസവും വില നിർണയിക്കുന്നത്. വില നിര്‍ണയത്തിന് സുതാര്യമായ ചില ഫോര്‍മുലകള്‍ ഉണ്ട്. അന്താരാഷ്ട്ര വില, എക്സ്ചേഞ്ച് വില എന്നിവ കണക്കിലെടുത്ത് അതിന്റെ മുകളില്‍ ഇംപോര്‍ട്ട് ഡ്യൂട്ടി കൂടി കൂട്ടിയ സംഖ്യയാണ് ഇന്ത്യന്‍ വിപണിയിലെ വില. 995 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ വിലയാണിത്. 916 എന്ന പരിശുദ്ധിയിലേക്ക് മാറ്റിയാണ് വിപണന വില നിശ്ചയിക്കുന്നത്.
ഇതിനുമുകളില്‍ ഒന്ന് മുതല്‍ പരമാവധി ഒന്നരശതമാനം വരെ ലാഭം കൂടി കൂട്ടും. ഇങ്ങനെ വരുന്നതാണ് വിപണിയിലെ അവസാനത്തെ വിലയായി കണക്കാക്കുന്നത്. സംസ്ഥാനത്തെ ചില ജ്വല്ലറികള്‍ ലാഭം കൂടുതല്‍ വേണമെന്നും അതിന് സ്വർണവില വർധിപ്പിക്കണമെന്ന ആവശ്യപ്പെടുകയും ഈ വിഷയത്തിൽ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ലാഭം ഒന്നര ശതമാനത്തില്‍ നിന്നും ഉയര്‍ത്തണമെന്നും നിലവിലെ ലാഭത്തില്‍ വിപണിയില്‍ അതിജീവിക്കാന്‍ സാധിക്കുകയില്ലെന്നുമാണ് ഈ വൻകിട ജ്വല്ലറികൾ അഭിപ്രായപ്പെടുന്നത്.
മാത്രമല്ല കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളൊക്കെ 2 മുതല്‍ 5 വരെ ലാഭശതമാനം ചേർത്താണ് വില നിശ്ചയിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളില്‍ ഒരു ഗ്രാമിന് കേരളത്തിനേക്കാൾ 300 മുതൽ 350 രൂപയുടെ വ്യത്യാസം വരെ ഉണ്ടെന്ന് ഈ ജ്വല്ലറികൾ ചൂണ്ടിക്കാണിക്കുകയും അസോസിയേഷനോട് ലാഭ ശതമാനം വർധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അസോസിയേഷൻ ഇതിന് തയ്യാറായിരുന്നില്ല.