കോഴിക്കോട്: കൊല്ലം റെയിൽവെ സ്റ്റേഷനിൽ വച്ച് മാധ്യമ പ്രവർത്തകനെ പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്‍റെ പത്രാധിപര്‍ അസഫലിയെയാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ പൊലീസുകാർ ഉപദ്രവിച്ചത്. നടപടിയാവശ്യപ്പെട്ട് അസഫലി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിനൽകി.
ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു അസഫലി. ട്രെയിൻ കയറാനായി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ പൊലീസുദ്യോഗസ്ഥർ തടഞ്ഞുവച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. ഇതെന്തിനെന്ന് ചോദ്യം ചെയ്തതോടെ, പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് അസഭ്യവർഷവും മർദ്ദനവും നടന്നെന്നും അസഫലി പറയുന്നു. സ്റ്റേഷനിലെ സംഭവങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ, ഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു. അക്രഡിറ്റേഷൻ കാർഡുൾപ്പെടെ കാണിച്ചിട്ടും അസഭ്യവർഷം തുടർന്നു. ഒരു കാരണവുമില്ലാതെ ഇത്തരം നടപടികൾക്ക് വിധേയനായതിന്റെ മാനസിക സമ്മർദ്ദം ഏറെയെന്ന് അസഫലി പറയുന്നു.
അതേസമയം പൊലീസ് പറയുന്നതിങ്ങിനെ. റെയിൽവെ സ്റ്റേഷനിലെ പരിശോധനക്കിടെ , തിരിച്ചറിൽ രേഖ ചോദിച്ചപ്പോൾ അസഫലി പ്രതികരിച്ചിരുന്നില്ല. തുടർന്ന് സ്റ്റേഷനിലെത്തിച്ചു. മാധ്യമ പ്രവർത്തകനെന്ന് മനസ്സിലായപ്പോൾ തിരിച്ചയച്ചെന്നും പൊലീസ് വിശദീകരിക്കുന്നു.