ന്യൂഡൽഹി: മുണ്ട്കയിൽ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിനു കാരണക്കാരായവരെ വെറുതെ വിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും.
മരിച്ചവരെ തിരിച്ചറിയാൻ ഡൽഹി സർക്കാർ സഹായിക്കുമെന്നു കേജ്‌രിവാൾ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്തെത്തിയത്. തീപിടിത്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ ട്വിറ്ററില്‍ കുറിച്ചു. ‘നിരവധി പേരെ രക്ഷിക്കാൻ സാധിച്ചെങ്കിലും വിലപ്പെട്ട കുറേ ജീവനുകൾ നഷ്ടമായി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാന്‍ നടപടികൾ സ്വീകരിക്കണം’– ബൈജാൽ പറഞ്ഞു.
അപകടത്തിൽ 27 പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. 24 സ്ത്രീകളെയും അഞ്ച് പുരുഷൻമാരെയും കാണാനില്ലെന്നാണു കണക്ക്. 27 മൃതദേഹങ്ങൾ കണ്ടെത്തിയതിൽ രണ്ടെണ്ണം മാത്രമാണു തിരിച്ചറിയാനായത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുണ്‍ ഗോയൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.