കൊളസ്ട്രോളിനെക്കുറിച്ച് ആശങ്കാകുലരാകാതെ ഇന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന എത്ര പേരുണ്ടാകും. ഇഷ്ട ഭക്ഷണം കഴിക്കുമ്പോഴൊക്കെ ഇന്നോ നാളെയോ കൊളസ്ട്രോൾ തേടിയെത്തുമോ എന്ന ചിന്ത മനസ്സിൽ ഉണ്ടാകാറില്ലേ ? എന്നാൽ അറിഞ്ഞോളൂ , കഴിക്കുന്ന ആഹാരത്തിൽ കരുതലുണ്ടെങ്കിൽ ഇത്ര ഭീതിയോടെ നോക്കികാണേണ്ടവനല്ല ഈ കൊളസ്ട്രോളെന്ന്. അതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ കൊഴുപ്പുകൾ തെരഞ്ഞെടുക്കുക എന്നതാണ്. പ്രതിതിദിന കാലറിയുടെ 25 മുതൽ 35 ശതമാനം ആകണം പരമാവധി കൊഴുപ്പിൽ നിന്നു ലഭ്യമാകേണ്ടത്. ഒരു വ്യക്തി കഴിക്കുന്ന ആകെ കൊഴുപ്പും പൂതിത കൊഴുപ്പും പരിമിതപ്പെടുത്തണം.
പൂരിത കൊഴുപ്പാണ് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ ലെവല്‍ കൂട്ടുന്നത്. ദൈനംദിന കാലറിയുടെ ഏഴു ശതമാനത്തിൽ താഴെ ആകണം പൂരിത കൊഴുപ്പിന്റെ അളവ്. റെഡ് മീറ്റ്, ഉയർന്ന തോതിൽ കൊഴുപ്പടങ്ങിയ പാൽ, പാലുൽപ്പന്നങ്ങൾ, ചോക്‌ലേറ്റ്, ബേക്കറി ഉൽപന്നങ്ങൾ, എണ്ണയിൽ വറുത്ത ആഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ ഇവയിലെല്ലാം കാണുന്നത് പൂരിത കൊഴുപ്പാണ്. കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കുന്നതിനായി കരൾ, മറ്റ് അവയവ മാംസം, മുട്ടയുടെ മഞ്ഞ, ചെമ്മീൻ, കൊഴുപ്പേറിയ പാൽ, പൊരിച്ചതും വറുത്തതുമായ ആഹാരം എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
നാരടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നതുവഴി ദഹനനാളത്തിൽ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതു കുറയ്ക്കുവാൻ സാധിക്കും. പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും നമ്മുടെ ഭക്ഷണത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്ന സംയുക്തങ്ങൾ വർധിപ്പിക്കാൻ കഴിയും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കും. ഇവ ഹൃദയത്തെ രക്തം കട്ട പിടിക്കുന്നതിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതിനായി സാൽമൺ, അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ്, വാൽ നട്സ് എന്നിവയും കഴിക്കാം.