ഹ്യുണ്ടായ്, മാരുതി സുസുക്കി എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം ടാറ്റ മോട്ടോഴ്സ് വളരെക്കാലമായി ആലോചിക്കുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള ചിപ്പ് പ്രതിസന്ധിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് നേരത്തെ തന്നെ സംഭവിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ടാറ്റ മോട്ടോഴ്സ് ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ സിഎന്‍ജി വാഹനങ്ങളായ ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവ 2022 ജനുവരിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയുടെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോ, ടിഗോര്‍ എന്നിവയുടെ പ്രീ-ബുക്കിംഗുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ടിയാഗോ സിഎന്‍ജി, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്കുള്ള ബുക്കിംഗ് ജനുവരിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടാറ്റ മോട്ടോഴ്സ് വരും ആഴ്ചകളില്‍ ഔദ്യോഗികമായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയുടെയും ടിഗോറിന്റെയും പരീക്ഷണ പതിപ്പുകളെ മുമ്പ് നിരവധി അവസരങ്ങളില്‍ റോഡുകളില്‍ കണ്ടിട്ടുണ്ട്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ടിയാഗോയ്ക്കും ടിഗോറിനും സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ സ്‌റ്റൈലിംഗ് മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.
പക്ഷേ, ടാറ്റ അവരുടെ ഏത് ട്രിമ്മിലാണ് സിഎന്‍ജി കിറ്റ് അവതരിപ്പിക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. രണ്ട് മോഡലുകളും സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ വേഷത്തില്‍ വളരെ മികച്ച രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, സിഎന്‍ജി പതിപ്പുകളിലെ ഉപകരണങ്ങളുടെ ലിസ്റ്റ് അവ ഏത് ട്രിമ്മിലാണ് വാഗ്ദാനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. അടുത്തകാലത്തായി സിഎന്‍ജി വാഹനങ്ങള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നതായാണ് വാഹനലോകത്തെ കണക്കുകള്‍.