ദില്ലി: ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിലെത്തി. ടണ്ണിന് 435 യൂറോയാണ് യൂറോപ്യൻ വിപണിയിലെ വില. 453 അമേരിക്കൻ ഡോളറാണ് ഒരു ടൺ ഗോതമ്പിന്റെ ആഗോള വില. 422 ഡോളറായിരുന്നു വെള്ളിയാഴ്ചത്തെ വില.
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം തുടരുന്നത് ഇരു രാജ്യങ്ങളിലെയും ഉൽപ്പാദനത്തെയും കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. യുക്രൈനിൽ നിന്ന് ആഗോള ഗോതമ്പ് കയറ്റുമതിയുടെ 12 ശതമാനം ഗോതമ്പും വരുന്നത് യുദ്ധത്തെ തുടർന്ന് പാടേ നിലച്ചു. ഇതിന് പുറമെ വളത്തിന്റെ ദൗർലഭ്യം, മോശം വിളവെടുപ്പ് എന്നിവയും ആഗോള തലത്തിൽ വിലക്കയറ്റത്തിന് കാരണമായി. പല ദരിദ്ര രാഷ്ട്രങ്ങളും സാമൂഹിക അസമത്വം നേരിടുകയാണ്.
ലോകത്ത് ഗോതമ്പ് ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. ഇക്കുറി ഇന്ത്യയിൽ ഗോതമ്പ് വിളവെടുപ്പും മികച്ചതായിരുന്നു. സ്വകാര്യ കയറ്റുമതി സംരംഭകർ ഗോതമ്പിന്റെ ആഗോള നിലവാരം പരിഗണിച്ച്, ഇത് വൻതോതിൽ വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെയാണ് കേന്ദ്രസർക്കാർ കയറ്റുമതി വിലക്കിയത്. സാധാരണ ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് കുറവാണ്. രാജ്യത്ത് ജനത്തിന് ആവശ്യമായ ഗോതമ്പ് ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ പ്രധാന കാരണം. 140 കോടിയോളം വരുന്ന ജനത്തെ ഭക്ഷ്യദൗലഭ്യത്തിലേക്ക് തള്ളിവിടാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്നതാണ് ഇതിന് കാരണവും. എന്നാൽ ഗോതമ്പിനായി പല വിദേശ രാജ്യങ്ങളും ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥനകളുമായി വരുന്നുണ്ടെന്നാണ് വിവരം. ഈ അഭ്യർത്ഥനകൾക്ക് കേന്ദ്രസർക്കാർ ചെവികൊടുക്കുകയാണെങ്കിൽ കയറ്റുമതിക്ക് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന വിലക്ക് നീക്കിയേക്കും.