ദില്ലി : കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഒഴിഞ്ഞ് കിടന്ന മെഡിക്കൽ എൻആർഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. സ്വാശ്രയ മാനേജ്‌മെന്‍റുകളും എൻആർഐ വിദ്യാർത്ഥികളും നൽകിയ ഹർജികളാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. 42 എൻആർഐ സീറ്റുകളാണ് ജനറൽ വിഭാഗത്തിലേക്ക് മാറ്റി വിദ്യാർത്ഥികളെ നീറ്റ് ലിസ്റ്റിൽ നിന്ന് പ്രവേശിപ്പിച്ചത്. എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെ രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളും 38 എൻആർഐ വിദ്യാർത്ഥികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. തൊടുപുഴയിലെ അൽ അസർ മെഡിക്കൽ കോളേജ്, പാലക്കാട് കരുണ മെഡിക്കൽ കോളേജ് എന്നീ കോളേജുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.