പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ നടത്തിയത് പദവിക്ക് നിരക്കാത്ത പ്രയോഗമെന്ന് എ വിജയരാഘവൻ. മര്യാദ ഇല്ലാത്ത പ്രയോഗമാണ് കെ സുധാകരൻ നടത്തിയത്. മുഖ്യനെ അധിക്ഷേപിച്ച് സ്വയം ആളാവാൻ നോക്കുകയാണ് കെപിസിസി അധ്യക്ഷനെന്നും അദ്ദേഹം വിമര്‍ശിച്ചു. തൃക്കാക്കര എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന പരിഭ്രാന്തിയാണ് സുധാകരനെന്നും വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കെ സുധാകരന്‍റെ തൃക്കാക്കരയിലെ പരമാര്‍ശം വലിയ വിവാദം ആയിരുന്നു. മന്ത്രിമാരും സിപിഎം നേതാക്കളും കടുത്ത വിമര്‍ശനമാണ് സുധാകരനെതിരെ ഉന്നയിച്ചത്. പരാമര്‍ശത്തിനെതിരെ ഇടത് യുവജനസംഘടനകള്‍ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. സുധാകരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ ഇന്നലെ പറഞ്ഞത്. പരാതി ലഭിച്ചാല്‍ കേസെടുക്കാനായിരുന്നു പൊലീസിന്‍റെയും നീക്കം. പക്ഷേ സുധാകരന്‍ പരമാര്‍ശം പിന്‍വലിച്ചതോടെ പരാതി നല്‍കുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് പോയി. കെ സുധാകരനെതിരായ നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് പി രാജീവ് ഇന്ന് പറഞ്ഞത്. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് തുടരുന്നത്.
അതേസമയം, കെ സുധാകരന്‍ പരമാര്‍ശം പിന്‍വലിച്ചതോടെ വിവാദം അവസാനിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. ഒരു വിഷയവും ഇല്ലാത്തത് കൊണ്ടാണ് സിപിഎം അനാവശ്യവിവാദമുണ്ടാക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. അടഞ്ഞ അധ്യായമാണെന്നും പരാമർശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരൻ വിശദീകരിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.