വാറങ്കല്‍: തെലങ്കാന വാറങ്കൽ ഭൂസമരത്തിനിടെ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി അടക്കമുള്ളവരെ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന വാറങ്കലിൽ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി നടത്തുന്ന ഭൂസമരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ബിനോയ് വിശ്വം.
സി.പി.ഐയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. അറസ്റ്റിനെ തുടർന്ന് ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്.ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സമരം. മട്ടേവാഡ നിമ്മയ്യ കുളത്തിന് സമീപമുള്ള 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്താണ് കുടിലുകള്‍ കെട്ടിയത്.
വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നതായി സമരസമിതി ആരോപിച്ചു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയതായി ഇവർ ചൂണ്ടിക്കാട്ടുന്നു.