തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിയുടെ വില വർധിച്ചു. ഒരു മാസത്തിനിടെ ഇരട്ടി തുകയാണ് തക്കാളിക്ക് വർധിച്ചത്. കഴിഞ്ഞ മാസം വരെ ഒരു കിലോ തക്കാളിക്ക് 30 രൂപയായിരുന്നു വില. എന്നാൽ സംസ്ഥാനത്തെ വിപണികളിൽ ഇപ്പോൾ ഒരു കിലോ തക്കാളി ലഭിക്കണമെങ്കിൽ 65 രൂപ നൽകണം.സംസ്ഥാനത്ത് ഇപ്പോൾ തക്കാളി ഉൽപാദന സീസൺ അല്ലാത്തതും തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പതിവിന് വിപരീതമായി കനത്ത മഴ പെയ്തതും വലിയ തോതിൽ വിളനാശം സംഭവിക്കാൻ കാരണമായി. ഇതേ തുടർന്ന് വിപണിയിലെത്തുന്ന തക്കാളിയുടെ വില രണ്ടിരട്ടിയായി.
വടകരപ്പതി, കൊഴിഞ്ഞാമ്പാറ തുടങ്ങിയ പാലക്കാട്ടെ കിഴക്കൻ പഞ്ചായത്തുകളിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം തക്കാളി ഉത്പാദനം നടക്കുന്നത്. നാന്നൂറിലധികം ഏക്കറിലാണ് ഇവിടെ തക്കാളി കൃഷി ചെയ്യുന്നത്. സംസ്ഥാനത്ത് ഇപ്പോൾ തക്കാളി കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ അല്ലാത്തതിനാൽ കൃഷി ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ മാത്രമാണ് ഈ പ്രദേശങ്ങളിൽ തക്കാളി കൃഷി ആരംഭിക്കുക.
ഇതിലും മോശം അവസ്ഥയാണ് മറ്റ് സംസ്ഥാനങ്ങൾ നേരിടുന്നത്. ബംഗളൂരുവിൽ ഒരു കിലോ തക്കാളിക്ക് 80 മുതൽ 100 രൂപ വരെ വില ഉയർന്നതായാണ് റിപ്പോർട്ട്. കർണാടകയിലെ കനത്ത മഴയും അസനി ചുഴലിക്കാറ്റും തക്കാളി കൃഷിയെ സാരമായി ബാധിച്ചതിനെ തുടർന്നാണ് വില കുതിച്ചുയരാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ തക്കാളി എത്തുന്നത്. ഓരോ ദിവസവും 15 ടൺ തക്കാളി വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കേരത്തിലേക്ക് എത്താറുണ്ട്. എന്നാൽ ഇപ്പോൾ കൃഷി മോശമായതിനെ തുടർന്ന് 10 ടണ്ണിലും താഴെ മാത്രമാണ് തക്കാളി കേരത്തിലേക്ക് എത്തുന്നത്. ഇതോടെ സംസ്ഥാനത്തെ തക്കാളി വില കുതിച്ചുയരുകയായിരുന്നു. തക്കാളി വില ഉടനെ കുറയാൻ സാധ്യതയില്ലെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കാരണം സംസ്ഥാനത്ത് മെയ് അവസാനത്തോടെ തക്കാളി കൃഷി തുടങ്ങിയാലും വിളവ് എടുക്കാൻ സെപ്റ്റംബർ ആകുമെന്നതിനാൽ തക്കാളി വിലയിൽ കുറവുണ്ടാകില്ല.