കോഴിക്കോട്: ഇന്ധനവില കുതിച്ചുകയറുന്ന കാലത്ത് കള്ളന്മാർക്കും പ്രിയം പെട്രോളിനോട്. കോഴിക്കോട് കൊടുവള്ളി, കരൂഞ്ഞി മേഖലയിൽ നാട്ടുകാരെ വട്ടം കറക്കുകയാണ് പെട്രോൾ മോഷ്ടാക്കൾ. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച്, വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോഴും പലർക്കും പണി കിട്ടുന്നത്.
വണ്ടി ഓടണമെങ്കിൽ പെട്രോൾ വേണമല്ലോ, ഒരു തുള്ളി പോലും ഇല്ലാതെ ഊറ്റി കൊണ്ടുപോകുകയാണ് മോഷ്ടാക്കൾ. കൊടുവള്ളി കരൂഞ്ഞി മേഖലയിലാണ് പെട്രോൾ മോഷ്ടാക്കൾ വിലസുന്നത്. സിസിടിവി ദൃശ്യങ്ങളിലെ സൂചന പ്രകാരം യുവാക്കളാണ് പെട്രോൾ മോഷ്ടക്കൾ. കുതിച്ച് കയറുന്ന ഇന്ധനവിലക്കയറ്റകാലത്ത്, കരിച്ചന്തയിൽ പെട്രോൾ വിറ്റ് കാശാക്കുകയാണ് ഉദ്ദേശ്യമെന്ന് പൊലീസ് പറയുന്നു. ആറ് വീടുകളിൽ നിലവിൽ മോഷണം നടന്നു. സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് കൊടുവള്ളി പൊലീസിന്‍റെയും പിടിവള്ളി. നാട്ടുകാരെ കറക്കുന്ന വിരുതന്മാരെ വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.