ചെന്നൈ: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്നൈ നാഥൻ സ്ട്രീറ്റ് സ്വദേശി അറുമുഖമാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി.
ബുധനാഴ്ച ഉച്ചക്കാണ് നഗരത്തെ ഞെട്ടിച്ച കുറ്റകൃത്യം നടന്നത്. ഷേണായ് നഗറിലെ ബുള്ള അവന്യൂ റോഡിലായിരുന്നു അരുംകൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അറുമുഖത്തെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ നാലംഗ കൊലയാളി സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം അരിവാളുകൾ കൊണ്ട് തുരുതുരാ വെട്ടി. നിമിഷങ്ങൾക്കുള്ളിൽ വന്ന ബൈക്കുകളിൽ തന്നെ കൊലയാളികൾ രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അറുമുഖത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല നടക്കുമ്പോള്‍ ബൈക്കില്‍ അതുവഴി വന്ന ചിലര്‍ ചിത്രീകരിച്ച കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് കൊലപാതകികള്‍ക്കായി അന്വേഷണം ശക്തമാക്കിയത്. കൊല്ലപ്പെട്ടയാൾ നഗരത്തിലെ കിൽപോക്ക്, ഡിപി ഛത്രം പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആയുധ നിരോധന നിയമപ്രകാരവും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും ഇയാൾക്കെതിരെ കേസുകളുണ്ട്. കുപ്രസിദ്ധ ഗുണ്ടയായ ദക്ഷിണാമൂർത്തിയുടെ കൂട്ടാളിയായിരുന്ന അറുമുഖം അടുത്തിടെ കാക്കതോപ്പു ബാലാജി എന്നയാളുടെ സംഘത്തിൽ ചേർന്നിരുന്നു. ഗുണ്ടാ കുടിപ്പകയാണോ ആക്രമണത്തിന് കാരണമെന്ന് പൊലീസ് തിരയുന്നുണ്ട്.
ചന്ദ്രശേഖർ, രോഹിത് എന്നിങ്ങനെ രണ്ടുപേർ സംഭവവുമായി ബന്ധപ്പെട്ട് അമിഞ്ജിക്കരൈ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ വാഹനങ്ങളിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം.