ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഭക്ഷണ ദൗർലഭ്യ ഭീഷണി നേരിടാൻ ലോക രാജ്യങ്ങൾ ക്രിയാത്മകമായി പ്രതികരിക്കണമെന്നു യുഎൻ രക്ഷാസമിതിയുടെ ഭക്ഷ്യസുരക്ഷാ സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആവശ്യമായ ഭക്ഷ്യശേഖരമുണ്ടായിട്ടും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വിലക്കയറ്റമുണ്ടായിട്ടുണ്ട്. വില നിയന്ത്രിക്കാൻ ചില നിയന്ത്രണ നടപടികൾ ഇന്ത്യ ഗോതമ്പ് കയറ്റുമതിയുടെ കാര്യത്തിൽ എടുത്തിട്ടുണ്ട്. സഹായം തേടുന്ന രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് ഇന്ത്യ ഗോതമ്പു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരം വേണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. ഗോതമ്പു കയറ്റുമതിക്ക് ചില നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആവശ്യക്കാരോട് അനുഭാവ പൂർവം പ്രതികരിക്കും. എല്ലാവർക്കും ഒരു പോലെ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകണം എന്നതാണു നയം. എന്നാൽ കോവിഡ് വാക്സീന്റെ കാര്യത്തിൽ ഈ തത്വങ്ങൾ മാനിക്കപ്പെട്ടില്ല. എന്നാൽ കോവിഡ് കാലത്തും ഇന്ത്യ ആഫ്രിക്കയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഭക്ഷ്യ ധാന്യങ്ങൾ കയറ്റി അയച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷ്യ സുരക്ഷാ സംബന്ധമായി യുഎൻ എടുക്കുന്ന നടപടികൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.