കാബൂൾ: അഫ്ഗാനിസ്ഥാനിലെ ടെലിവിഷനിൽ ജോലി ചെയ്യുന്ന വനിത അവതാരകർ മുഖം മറക്കണമെന്ന് താലിബാൻ ഉത്തരവ് അനുസരിച്ച് ടെലിവിഷന്‍ ചാനലുകൾ. വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷം ചുരുക്കം ചില ചാനലുകൾ മാത്രമേ ഇത് അനുസരിക്കാന്‍ തുടങ്ങിയിരുന്നുള്ളു. എന്നാൽ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയ ശേഷം ഞായറാഴ്ചയോടെ മിക്ക വനിതാ അവതാരകരും മുഖം മറച്ചാണ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകളായ ടോളോന്യൂസ്, അരിയാന ടെലിവിഷന്‍, ഷംഷാദ് ടി.വി, തുടങ്ങിയവയിലെ വനിതാ അവതാരകരെയെല്ലാം മുഖം മറച്ചാണ് സംപ്രേഷണം ചെയ്യപ്പെട്ടത്. മുഖം മറക്കുന്നതിന് താന്‍ എതിരാണെന്നും എന്നാൽ സ്ഥാപനത്തിന്‍റെ സമർദ്ദത്തിന് വഴങ്ങിയാണ് അനുസരിക്കുന്നതെന്നും ടോളോ ന്യൂസ് അവതാരകയായ സോണിയ നിയാസി പറഞ്ഞു.
അതേസമയം വനിതാ അവതാരകരെ പൊതുസമൂഹത്തിൽ നിന്ന് നീക്കംചെയ്യാനോ അവരുടെ ജോലിചെയ്യാനുള്ള അവകാശം ഇല്ലതാക്കാനോ വേണ്ടിയല്ല ഉത്തരവ് നടപ്പാക്കിയതെന്ന് വാർത്താവിനിമയ മന്ത്രാലയ വക്താവായ മുഹമ്മദ് അകിഫ് സദേഖ് മൊഹാജിർ അഭിപ്രായപ്പെട്ടു. വാർത്താചാനലുകൾ ഈ ഉത്തരവ് അതേ രീതിയിൽ നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നും നിയമം അനുസരിക്കാത്ത വാർത്താചാനലുകൾ കനത്ത പിഴ അടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. അനുസരണയില്ലാത്ത സ്ത്രീകളെ വീട്ടിൽതന്നെ ഇരുത്തുമെന്ന് മുതിർന്ന താലിബാൻ നേതാവും ഇടക്കാല ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനി നേരത്തെ പറഞ്ഞിരുന്നു. അടുത്തിടെ രാജ്യത്ത് പൊതുയിടങ്ങളിൽ സ്ത്രീകൾക്ക് മുഖാവരണം നിർബന്ധമാക്കിയിരുന്നു.