ദില്ലി : ബ്ലംഗ്ലാദേശ് അതിർത്തിയിൽവെച്ച് രണ്ട് സ്വർണക്കടത്തുകാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. 6.15 കോടി രൂപ വില മതിക്കുന്ന സ്വർണമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. 74ൽ അധികം സ്വർണ ബിസ്കറ്റുകളും കണ്ടെടുത്തു. രണ്ട് സ്ഥലത്ത് നിന്നായി പിടിച്ചെടുത്തത് 11 കിലോയിൽ അധികം സ്വർണമാണ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്നും ഇത് എവിടെ നിന്ന് എത്തിച്ച സ്വർണമാണെന്ന് ഉടൻ കണ്ടെത്തുമെന്നും ബിഎസ്എഫ് അറിയിച്ചു.
കയറ്റുമതി സാധനങ്ങൾ ഇറക്കിയ ശേഷം, ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന ട്രക്കാണ് സൈന്യം ആദ്യം തടഞ്ഞത്. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്ന് കറുത്ത തുണിയിൽ പൊതിഞ്ഞ വലിയ പാക്കറ്റ് കണ്ടെത്തി. ഇതിൽ നിന്നാണ് 70 സ്വർണ ബിസ്‌ക്കറ്റുകളും മൂന്ന് സ്വർണക്കട്ടികളും കണ്ടെടുത്തത്. പിടിച്ചെടുത്ത സ്വർണ ബിസ്‌ക്കറ്റുകൾ, ബാറുകൾ, ട്രക്കുകൾ എന്നിവെയുടെ ആകെ മൂല്യം 5,98,54,165 രൂപയാണ്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എല്ലാ സ്വർണ ബിസ്‌ക്കറ്റുകളും പിടിച്ചെടുത്ത ശേഷം ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോയ്പൂർ സ്വദേശിയായ രാജ് മണ്ഡൽ (26) ആണ് പിടിയിലായത്.
മറ്റൊരു സംഭവത്തിൽ ജയന്തിപൂരിൽ നിന്നാണ് ബിഎസ്എഫിന്റെ 158 ബറ്റാലിയൻ സൈനികർ മോട്ടോർ സൈക്കിൾ യാത്രക്കാരനിൽ നിന്ന് 466.62 ഗ്രാം തൂക്കമുള്ള നാല് സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തത്. മറൂബ് മണ്ഡൽ (36) ആണ് പിടിയിലായത്.