മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലക്നൗ സൂപ്പർ ജയൻ്റ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇന്ന് വിജയിക്കുന്ന ടീം മെയ് 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ നേരിടും. ആ മത്സരത്തിലെ വിജയികൾ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസുമായി കൊമ്പുകോർക്കും.
ലീഗിലെ അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ബാംഗ്ലൂർ പ്ലേഓഫിലെത്തുന്നത്. മുംബൈ ഇന്ത്യൻസ് ഡൽഹിയെ പരാജയപ്പെടുത്തിയതാണ് അവർക്ക് പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്തതെങ്കിലും ടൈറ്റൻസിനെതിരായ ജയം ബാംഗ്ലൂരിന് വലിയ ആത്മവിശ്വാസമാണ്. വിരാട് കോലി ഫോമിലേക്കുയർന്നത് തന്നെയാണ് അവരുടെ ഏറ്റവും വലിയ ബലം. ഈ ഫോം ഇന്ന് തുടർന്നാണ് ഫാഫും സംഘവും കപ്പിലേക്ക് ഒരു പടികൂടി അടുക്കും. ഗ്ലെൻ മാക്സ്‌വൽ, ദിനേശ് കാർത്തിക് എന്നിവരുടെ ബാറ്റിംഗ് ഫോമും വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ്, ഹർഷൽ പട്ടേൽ എന്നിവരുടെ ബൗളിംഗ് ഫോമും ആർസിബിയുടെ തേരോട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ടൈറ്റൻസിനെതിരെ പരുക്കേറ്റ ഹർഷൽ ഇന്ന് കളിച്ചില്ലെങ്കിൽ അത് ആർസിബിയ്ക്ക് കനത്ത തിരിച്ചടിയാവും. താരം കളിച്ചില്ലെങ്കിൽ സിറാജ് ടീമിലെത്താനിടയുണ്ട്.
കടലാസിൽ പ്രശ്നങ്ങൾ അധികമില്ലാത്ത ടീമാണ് ലക്നൗ. എന്നാൽ, എവിടെയൊക്കെയോ ചില പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നുമുണ്ട്. ലോകേഷ് രാഹുൽ, ക്വിൻ്റൺ ഡികോക്ക്, ദീപക് ഹൂഡ എന്നിവരാണ് ബാറ്റിംഗിൽ മുന്നിട്ടുനിൽക്കുന്നത്. എവിൻ ലൂയിസ്, കൃണാൽ പാണ്ഡ്യ, മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയ താരങ്ങൾ ചില ഒറ്റപ്പെട്ട നല്ല ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ട്. ആദ്യ മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിനു ശേഷം ആയുഷ് ബദോനി നിറം മങ്ങിയത് ലക്നൗവിനു തിരിച്ചടിയാണ്. ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയ് തുടങ്ങിയവരടങ്ങുന്ന ബൗളിംഗ് നിര വളരെ ശക്തമാണ്. എന്നാൽ, ഈഡനിലെ പിച്ചിൽ ഹിറ്റ് ദ ഡെക്ക് ഹാർഡ് ബൗളർമാരായ മൊഹ്സിനും ആവേശും എത്രത്തോളം എഫക്ടീവാകും എന്ന് കണ്ടറിയണം. പേസ് വേരിയേഷനുകൾ പിച്ചിൽ വളരെ നിർണായകമാവും. ബദോനിയെ പുറത്തിരുത്തി പരുക്കേറ്റ് പുറത്തായിരുന്ന കൃണാൽ മടങ്ങിയെത്തിയേക്കും.