തിരുവനന്തപുരം: നാട്ടിൽ നാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി സഭായോഗം ഇക്കാര്യം തീരുമാനിച്ചതെന്ന് വനം മന്ത്രി കോട്ടയത്ത് അറിയിച്ചു.
ലൈസൻസ് ഉള്ള തോക്കുകൾ ഇതിനായി ഉപയോഗിക്കാമെന്നാണ് നിർദേശം. ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാര്‍ക്ക് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ പദവി നൽകും. അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവെച്ചിടാന്‍ ഉത്തരവിടാം. ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാകണം വെടിവയ്‌ക്കേണ്ടത്. കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ മഹസ്സർ തയ്യാറാക്കി പോസ്റ്റുമോർട്ട് നടത്തണം. കുരുക്കിട്ട് പിടിക്കാനോ വൈദ്യുതി വേലി കെട്ടാനോ വിഷം വയ്ക്കാനോ അനുമതിയില്ല.