തിരുവനന്തപുരം: യൂനിഫോം ധരിക്കാതെ ഡ്രൈവർ ഡ്യൂട്ടി നിർവഹിക്കുന്നെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശരിയല്ലെന്നും ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂനിഫോമാണെന്നും കെഎസ്.ആർ.ടി.സി. പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രചാരണം ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ.ടി.സി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.
മാവേലിക്കര യൂനിറ്റിലെ ഡ്രൈവർ പി.എച്ച്. അഷ്റഫ് തിരുവനന്തപുരം- മാവേലിക്കര സർവിസിൽ ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചത്. ജോലി ചെയ്യവെ യൂനിഫോം പാന്‍റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു.