തിരുവനന്തപുരം: അതിജീവിത ഞങ്ങള്‍ക്ക് മകളാണെന്നും ഒരു മകള്‍ക്കും അത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അവർക്ക് പിന്തുണയും ആത്മവിശ്വാസവും പകരണം. യുഡിഎഫ് അതിജീവിതയ്‌ക്കൊപ്പമാണ്. അവർ ഹൈക്കോടതിയില്‍ പരാതി നല്‍കാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്, വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘ഭരണകക്ഷിയിലെ പ്രമുഖര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അവർ കോടതിക്കു മുന്നില്‍ ഉന്നയിച്ചത്. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫ് ഉപയോഗിച്ചിട്ടില്ല. തിഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്‍കിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയത് കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും ആന്റണി രാജുവും എം.എം. മണിയുമാണ്. അവര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം. പരാതിയില്‍ എന്താണ് ദുരൂഹതയെന്ന് കോടിയേരി ബാലകൃഷ്ണൻ പറയണം. അന്വേഷണം ശരിയായ രീതിയില്‍ പോകണം. അതിനു വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് യുഡിഎഫുണ്ടാകും.
കോടതിയുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് പി.സി.ജോര്‍ജ് ജയിലിലായത്. സര്‍ക്കാരും പി.സി.ജോര്‍ജും തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് കഴിഞ്ഞ തവണ ജാമ്യം ലഭിച്ചത്. ജോര്‍ജിനു വീരപരിവേഷം നല്‍കി പൂക്കള്‍ വിതറി സ്വീകരിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് അവസരം നല്‍കിയത് ഈ സര്‍ക്കാരാണ്. അതുകൊണ്ടാണ് എറണാകുളത്തും വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത്. അറസ്റ്റിലായ ജോര്‍ജിനു വേണ്ടി തിരുവനന്തപുരം പൊലീസ് ക്യാംപിനു മുന്നില്‍ ഇന്നലെയും പുഷ്പ പരവതാനി വിരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്കു സര്‍ക്കാരും പൊലീസും അവസരം ഒരുക്കിക്കൊടുത്തത്’ – വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.