തിരുവനന്തപുരം : മതവിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ പൂര്‍ണമായി തള്ളാതെ സിറോ മലബാര്‍ സഭ. പി സി ജോര്‍ജ് പറഞ്ഞ പ്രസ്താവയെ പിന്തുണയ്ക്കില്ലെന്നാണ് സഭയുടെ നിലപാട്. എന്നാല്‍ ജോര്‍ജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടിയാണെന്ന പ്രതീതിയുണ്ടെന്നും ഇത് സര്‍ക്കാര്‍ മനസിലാക്കണമെന്നും സിറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
എന്നാല്‍ പി സി ജോര്‍ജിനെതിരായ നിയമനടപടിയെ ക്രൈസ്തവ വേട്ടയായി വ്യാഖ്യാനിക്കാനില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. സമാനകാര്യങ്ങള്‍ പറഞ്ഞവര്‍ക്കെതിരെയും ഇതേ നടപടി സ്വീകരിക്കുമ്പോഴാണ് തുല്യനീതിസാധ്യമാകുന്നത്. സഭയെ പലരും വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ പി സി ജോര്‍ജ് നല്‍കിയ പിന്തുണയെ വിസ്മരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മത വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പിസി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാവും ഈ ഹര്‍ജി പരിഗണിക്കുക. ജാമ്യേപേക്ഷ നിലനില്‍ക്കില്ലെന്ന് ഡിജിപി വാദിച്ചിരുന്നു.
തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക. എന്നാല്‍, തിരുവനന്തപുരത്തെ പ്രസംഗക്കേസില്‍ ഇപ്പോള്‍ നടത്തിയ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്നാണ് ഡിജിപിയുടെ എതിര്‍വാദം. തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് നിലവില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.