കൊച്ചി : പൊലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദവുമായി നടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ നടനും നിർമാതാവുമായ വിജയ് ബാബു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഏപ്രിൽ 22ന് കേസെടുത്തിരുന്നതാണന്നും രണ്ടു ദിവസം കഴിഞ്ഞ് 24ന് വിജയ് ബാബു രാജ്യം വിട്ടത് വ്യക്തമായ ബോധ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരയുടെ അമ്മയെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തി.
നേരത്തെ, പ്രോസിക്യൂഷനും പരാതിക്കാരിക്കും ബന്ധപ്പെട്ടവർക്കും ഏറ്റവും നല്ലത് കോടതിയുടെ നിയമാധികാരപരിധിയിൽ പ്രതി വരുന്നതാണെന്നു ജസ്റ്റിസ് പി.ഗോപിനാഥ് വാക്കാൽ പറഞ്ഞിരുന്നു. 30ന് വരുമെന്നാണ് അറിയിച്ചത്. വന്നില്ലെങ്കിൽ 31ന് മുൻകൂർ ജാമ്യാപേക്ഷ തള്ളാം. വന്നാൽ 31നോ ഒന്നിനോ ജാമ്യ ഹർജി പരിഗണിക്കാം. 30 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വാക്കാൽ പറഞ്ഞു. വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നിയമപരമായി തടസ്സമുള്ളതിനാലാണ് ഇങ്ങനൊരു നിർദേശമെന്നും പ്രതി നാട്ടിലെത്തിയശേഷം തുടർ നടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി വാക്കാൽ ചോദിച്ചു.
അതേസമയം, കോടതിക്കു മുന്നിൽ വ്യവസ്ഥകൾ വയ്ക്കാൻ പ്രതിയായ വിജയ് ബാബുവിനെ അനുവദിക്കരുതെന്നും ഇത് പ്രോത്സാഹിപ്പിക്കരുതെന്നും അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് പറഞ്ഞു. പ്രതിയുടെ കാരുണ്യം ആവശ്യമില്ല. എവിടെയാണെങ്കിലും എന്തായാലും പിടികൂടും. നിയമനടപടികളിൽനിന്നു കടന്നു കളഞ്ഞ പ്രതിയെ പിടികൂടാൻ നിയമപ്രകാരം ലഭ്യമായ എല്ലാ മാർഗങ്ങളും തേടും. സർക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നു വ്യക്തമാക്കി അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹർജി ഇന്നത്തേക്കു മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ 30ന് കൊച്ചിയിൽ തിരിച്ചെത്തുന്നതിനുള്ള വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബുവിന്റെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഇക്കാലത്ത് എന്താണ് നടക്കുന്നതെന്നു അറിയാവുന്നതല്ലേയെന്നു കോടതി വാക്കാൽ പറഞ്ഞു. ആവശ്യത്തിനു പണമുണ്ടെങ്കിൽ നമ്മൾ കേൾക്കാത്ത രാജ്യങ്ങളുടെ പൗരത്വവും പാസ്പോർട്ടുമെല്ലാം പെട്ടെന്നു ലഭിക്കും. ഈ രാജ്യത്തുതന്നെ ഇത്തരം ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് 13,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പു കേസ് പ്രതി മെഹുൽ ചോക്സിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.